ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച യുവാവിനെ സ്ത്രീയും പീഡനത്തിനിരയായ പെണ്‍മക്കളും സ്ത്രീയുടെ സഹോദരനും ചേര്‍ന്ന് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവം. സഞ്ജയ് എന്ന് പേരുള്ള 35 കാരനാണ് കൊല്ലപ്പെട്ടത്.
യുവാവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിനിടയാക്കിയതെന്നും സ്ത്രീ മൊഴി നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മെയ് 1 ന് രാത്രിയുണ്ടായ കൊലപാതകത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ”സ്ത്രീയും മക്കളും താമസിക്കുന്ന സ്ഥലത്തിന് അടുത്താണ് കൊല്ലപ്പെട്ട യുവാവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി മദ്യലഹരിയില്‍ സ്ത്രീയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍മക്കളില്‍ ഒരാളെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് സ്ത്രീയും സഹോദരനും പെണ്‍മക്കളും ചേര്‍ന്ന് യുവാവിന്റെ കഴുത്തില്‍ കുരുക്കിട്ടുമുറുക്കി മരത്തില്‍ തൂക്കുകയായിരുന്നു. മൃതദേഹം ആദ്യം കണ്ടപ്പോള്‍ തന്നെ കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതമാണെന്ന് സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ചതും മര്‍ദ്ദനവുമാണ് ഇയാളുടെ മരണത്തില്‍ കലാശിച്ചതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സ്ത്രീയേയും സഹോദരനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും അറസ്റ്റ് ചെയ്തത്.”
