കണ്ണൂര്‍: വ്യാജ പൊലീസ് ചമഞ്ഞ് തട്ടിപ്പ് സംഘം വനിതാ ഡോക്ടറുടെ 9.90 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ ഡോക്ടറുടെ പരാതിയിന്മേല്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃപ്പുണിത്തുറയിലെ ആയുര്‍വേദ ഡോക്ടറും പരിയാരം, മണ്ടൂര്‍ സ്വദേശിയുമായ അഞ്ജലി ശിവറാം ആണ് തട്ടിപ്പിനിരയായത്. മെയ് ഒന്നിനാണ് തട്ടിപ്പിന്റെ തുടക്കം. ദുബായ് പൊലീസാണെന്ന വ്യാജേന പ്രദീപ് സവാനിയെന്നയാള്‍ വനിതാ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം. ഡോക്ടര്‍ക്കെതിരെ മുംബൈ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ നമ്പറും അതിലേക്ക് വരുന്ന ഒ.ടി.പി നമ്പറും അയക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസാണെന്ന് കരുതി പറഞ്ഞത് പോലെ ചെയ്തു. പിന്നീടാണ് സംഭവത്തിന്റെ പിന്നില്‍ തട്ടിപ്പ് സംഘമാണെന്നും എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 9.90ലക്ഷം രൂപ നഷ്ടപ്പെട്ടതുമായ കാര്യം വ്യക്തമായതെന്ന് ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നിതാന്തജാഗ്രത വേണമെന്ന് പൊലീസ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ ഡോക്ടറുടെ പണം നഷ്ടമായത്.
