ലക്നൗ: തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അക്രമവിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
അമേഠി മണ്ഡലത്തില്‍ സ്മൃതിഇറാനിയും ബിജെപി പ്രവര്‍ത്തകരും കടുത്ത ഭീതിയിലാണെന്നും ആസന്നമായ തോല്‍വിയില്‍ നിരാശപൂണ്ടാണ് അക്രമണം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അമേഠിയില്‍ ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മ്മയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇത്തവണ റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.
