കാസര്‍കോട്: ജില്ലയില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഏറ്റവും കൂടുതല്‍ കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. ഏത് സാഹചര്യങ്ങളിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഓയിന്റ്‌മെന്റ്, ലോഷന്‍, ക്രീം, പൗഡര്‍ എന്നിവ ഉപയോഗിക്കരുത്. സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന് അവസ്ഥയിലേക്ക് മാറിയേക്കാമെന്ന് അധികൃതര്‍ പറയുന്നു. പ്രതിരോധാര്‍ഗമായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വിയര്‍പ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ഓ ആര്‍ എസ് ലായനി, കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാര ഉപ്പ്‌ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ കുടിക്കുക. സൂര്യാഘാതം മൂലം കുഴഞ്ഞു വീണാല്‍ അടിയന്തിര ചികിത്സ നല്‍കണം.
എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും വിയര്‍പ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറക്കുന്നതിനു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ താപനില 41 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും താപ നിയന്ത്രണം നഷ്ട്ടപ്പെടുകയും തലച്ചോര്‍, ഹൃദയം രക്തധമനികള്‍, കിഡ്‌നി മുതലായ അവയങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകരാരിലാവുകയും ചെയ്യും. സൂര്യാഘാതം സംഭവിച്ചു എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ലക്ഷണങ്ങള്‍
- ഉയര്‍ന്ന ശരീര താപനില (104ഡിഗ്രി ഫാരന്‍ഹീറ്റ്)
- വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം.
മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, പിച്ചും പേയും പറയല്‍ - ശക്തമായ തലവേദന, തലകറക്കം
- മന്ദഗതിയിലുള്ള നാഡിമിടിപ്പ്
- അബോധാവസ്ഥ
സൂര്യാഘാതം, താപ ശരീര ശോഷണം ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍
- സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറ്റുക
- തണുത്ത വെള്ളം ശരീരത്തില്‍ ഒഴിക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.