കാസര്‍കോട്: കുമ്പളയിലും പരിസരങ്ങളിലും കൂട്ടമായെത്തിയ വാനരപ്പടയുടെ ദ്രോഹത്തില്‍ പൊറുതി മുട്ടി നാട്ടുകാര്‍. കുമ്പള, ദേവിനഗര്‍ ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാനരക്കൂട്ടം എത്തിയത്. ആദ്യം സംഘത്തില്‍ മൂന്ന് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ദിവസങ്ങള്‍ക്കകം സംഘബലം ഏഴായി. ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ വീടുകളിലെത്തുന്ന വാനരപ്പട, തെങ്ങില്‍ കയറി മൂത്തതും മൂക്കാത്തതുമായ തേങ്ങകള്‍ പറിച്ചിടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തെങ്ങിന്റെ പൂക്കുല പോലും നശിപ്പിക്കുന്നതായും പരാതിയുണ്ട്.
ഓടിക്കാന്‍ ശ്രമിച്ചാല്‍ കുരങ്ങുകള്‍ കൂട്ടത്തോടെ താഴെയിറങ്ങി ആള്‍ക്കാര്‍ക്ക് നേരെ തിരിയാനും തുടങ്ങിയതായും പരാതിയുണ്ട്. മുറ്റത്തെത്തുന്ന കുരങ്ങുകള്‍ ചെടിച്ചട്ടികള്‍ വരെ നശിപ്പിക്കുന്നതായും പരാതിയുണ്ട്. കുരങ്ങുകളെ നാട്ടില്‍ നിന്ന് കാട്ടിലേക്കയക്കാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
