തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.
വോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടി അവസാനവട്ടം വീട് വീടാന്തരം കയറുന്ന യുവനേതാക്കളെ കാണാം. ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ കൊട്ടിയിറക്കമാണ്. ആരാണ് പരസ്യ പ്രചരണരംഗത്ത് മുന്നിലുണ്ടായിരുന്നത് എന്ന് തെളിയിക്കാനുള്ള അവസാന അവസരമാണ് കൊട്ടിക്കലാശം. അതിനാല്‍ തൃശ്ശൂർ പൂരത്തേക്കാള്‍ ആവേശം കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലുമുണ്ടാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാളാണ് കേരളം വിധിയെഴുതുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ റോഡ് ഷോ രാവിലെ ഹൊസങ്കടിയിൽ ആരംഭിക്കും. വൈകിട്ട് അഞ്ചിന് പയ്യന്നൂരിലാണ് കൊട്ടിക്കലാശം. യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കളനാട് നിന്ന് പ്രചാരണ ജാഥയായി ആരംഭിച്ച് കാസർകോട് പഴയ ബസ് സ്റ്റാന്റിൽ എത്തിച്ചേരും തുടർന്ന് കൊട്ടിക്കലാശത്തോടെ സമാപിക്കും. എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ 11.00 മണിക്ക് കുഞ്ചത്തൂരിൽ ആരംഭിക്കും. വൈകിട്ട് 3
മണിക്ക് കസബ കടപ്പുറത്ത് നിന്നും തുടങ്ങി എയർലൈൻസ് ജംക്ഷൻ വഴി പ്രസ് ക്ലബ് ജംങ്ഷനിൽ സമാപിക്കും. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
