കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ ഷേണിയില്‍ ഓടുമേഞ്ഞ വീടു കത്തി നശിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നു. ആള്‍ക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. രേഖകളും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഷേണി ബാല ദളയിലെ ഭട്ട്യനായ്കിന്റെ വീട്ടില്‍ തീപിടിത്തം ഉണ്ടായത്. ഭട്ട്യനും പേരക്കുട്ടികളായ ഹെവിക്, ദൈവിക്, എന്നിവരാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ വലത് ഭാഗത്തെ മുറിയില്‍ നിന്ന് പുകയുയരുന്നത് കണ്ട് മൂന്നു പേരും പുറത്തേക്ക് ഇറങ്ങിയോടി അയല്‍വാസികളെ വിവരം അറിയിച്ചു. ആള്‍ക്കാര്‍ ഓടിയെത്തി സ്റ്റൗവിലേക്ക് കണക്ഷന്‍ നല്‍കിയിരുന്ന സിലിണ്ടര്‍ വീടിന്റെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയിലാണ് വീട്ടിനകത്തുണ്ടായിരുന്ന മറ്റൊരു സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
