ഗൾഫുകാരന്റെ വീട്ടിലെ കവർച്ച; തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികളുടെ വിരലടയാളം ലഭിച്ചു

കാസര്‍കോട്: കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35000 രൂപയും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്ക് നാലു വിരലടയാളങ്ങള്‍ ലഭിച്ചു. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരനെ അക്രമിച്ച മുഖംമൂടി സംഘം കൈതോക്ക് ചൂണ്ടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. സോങ്കാല്‍, പ്രതാപ്‌നഗറിലെ ഗള്‍ഫുകാരന്‍ ബദറുല്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച. ഈ വീട്ടില്‍ ബദറുല്‍മുനീറിന്റെ ഭാര്യ ഖദീജത്ത് റഹ്നാസും രണ്ടു കുട്ടികളുമാണ് താമസം. എല്ലാ ദിവസവും വൈകുന്നേരം ഖദീജത്ത് റഹ്നാസും രണ്ടു കുട്ടികളും വീടും ഗേറ്റും പൂട്ടി ഒരു കിലോമീറ്റര്‍ അകലെയുള്ള പിതാവ് റഹ്‌മാന്‍ മെഹമൂദിന്റെ വീട്ടിലേക്ക് പോകും. ഞായറാഴ്ചയും പതിവ് പോലെ മക്കളെയും കൂട്ടി പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു.ഉപ്പളയിലെ വസ്ത്രവ്യാപാരിയാണ് ഖദീജത്ത് റഹ്നാസിന്റെ പിതാവ് റഹ്‌മാന്‍ മഹ്‌മൂദ്. രാത്രിയില്‍ കട പൂട്ടി മകനെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. മകളുടെ വീടിന് മുന്നിലെത്തിയപ്പോള്‍ ഗൈറ്റിന് സമീപം രണ്ട് ബൈക്കുകള്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. വീട്ടിലെത്തി ഖദീജത്ത് റഹ്നാസിനോട് ചോദിച്ചപ്പോള്‍ ബൈക്കിനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ മുഹമ്മദ് റമീസ് സഹോദരിയുടെ വീട്ടിലേക്ക് തിരിച്ചു വീട്ടിന് മുന്നിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മുന്നില്‍ രണ്ട് ബൈക്കുകളും കാണപ്പെട്ടു. മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഗേറ്റ് പിടിച്ചു കുലുക്കി ശബ്ദം ഉണ്ടാക്കിയതോടെ വീട്ടിനകത്ത് നിന്ന് മുഖം മൂടി ധരിച്ച രണ്ട് പേര്‍ പുറത്തിറങ്ങി വന്നു. തൊട്ടു പിന്നാലെ നാലുപേരുമെത്തി. തുടര്‍ന്ന് ആറു പേരും മതില്‍ ചാടിക്കടന്ന് പുറത്തെത്തി. സംഘത്തെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇരുമ്പ് വടി കൊണ്ട് റമീസിന്റെ മുതുകിലിടിച്ചു. എന്നിട്ടും പിന്‍മാറാത്തതിനെത്തുടര്‍ന്ന് കൈതോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് നാട്ടുകാരും പൊലീസുമെത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയ സംഭവം വ്യക്തമായത്. വീട്ടിലെ ടി.വി അടക്കമുള്ള സാധനങ്ങള്‍ ഇളക്കിയെടുത്ത് പായ്ക്ക് ചെയ്തു വെച്ച നിലയിലും കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page