ലക്നൗ: മുൻ എംപിയും മൊറാദാബാദിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കുൻവർ സർവേഷ് സിംഗ് അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിജെപിയുടെ ജില്ലാ മീഡിയ ഇൻചാർജ് സഞ്ജയ് ധാക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഫലം വരുന്നതിന് മുമ്പാണ് ഈ ദുഃഖവാർത്ത വന്നിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുൻവർ സിംഗ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നില്ല.
കഠിനാധ്വാനിയും മൊറാദാബാദിലെ ബിജെപി പ്രവർത്തകരുടെ പ്രചോദനവുമായ കുൻവർ സിംഗിന്റെ അപ്രതീക്ഷിത വിയോഗം വേദനാജനകമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും ബിജെപി ഉത്തർപ്രദേശ് അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എക്സിൽ കുറിച്ചു.
2019 ൽ ലോകസഭ ഇലക്ഷനിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇദ്ദേഹത്തിന്‍റെ മകൻ കുൻവര്‍ സുശാന്ത് സിംഗ് ബിജെപി എംഎല്‍എയാണ്.
