മോക് പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു സുപ്രീം കോടതി നിര്‍ദ്ദേശം

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ സുപ്രീം കോടതി ഇടപെട്ടു. മോക് പോളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി.
മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും പരാതി ഉന്നയിച്ചിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്‍, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടര്‍ കെ. ഇന്‍ബാശേഖറിനു പരാതി നല്‍കിയത്.
മോക് പോളിന്റെ ആദ്യ റൗണ്ടില്‍ പരിശോധിച്ച 190 വോട്ടിങ് മെഷീനുകളില്‍ 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി കണ്ടെത്തി. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page