കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വല സ്വീകരണം. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ നിന്നും റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി ചെറുവത്തൂരില്‍ ഒരുക്കിയ പന്തലിലേക്ക് എത്തിയത്. പുതിയ വര്‍ഷം കേരളത്തിന് വികസനത്തിന്റെ വര്‍ഷമായിരിക്കുമെന്ന് സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പുതിയ രാഷ്ട്രീയത്തിനാണ് കേരളം കാത്തിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. ഇന്ത്യ ഒരു പൂച്ചെണ്ടു പോലെയാണ്. അതില്‍ എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയുണ്ടാകു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാകും. വയനാട് മെഡിക്കല്‍ കോളേജ് പ്രശ്നം സംസ്ഥാന സര്‍ക്കാരിന് മിനുറ്റുകള്‍ കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളു. പക്ഷെ മുഖ്യമന്ത്രിക്കു പല തവണ കത്തെഴുതിയിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
