സുമനസ്സുകളുടെ സഹായത്തിന് കാത്തുനിന്നില്ല; കരള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 17 കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ കരള്‍ രോഗം ബാധിച്ച 17 കാരന്‍ മരണത്തിന് കീഴടങ്ങി. ഇരിയ കട്ടുമാടം സായി ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകന്‍ ശ്രീരാഗ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യശുപത്രിയില്‍ ചികില്‍സയിലിരിക്കയാണ് മരിച്ചത്. ലിവര്‍ വില്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ കീഴില്‍ ചികില്‍സയിലായിരുന്നു. ശരീരത്തില്‍ അധിക ചെമ്പ് അടിഞ്ഞുകൂടുന്ന ഒരു ജനിതക വൈകല്യമാണ് ശ്രീരാഗിനെ ബാധിച്ചത്. ബുധനാഴ്ച രാവിലെ കടുത്ത വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്ന് വൈകുന്നേരമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും രോഗം ഹൃദയത്തിലേക്ക് പൂര്‍ണ്ണമായും പടര്‍ന്നിരുന്നു. കൂലി തൊഴിലാളിയായ ശ്രീധരന്റെയും അമ്പലത്തറയിലെ ദന്തല്‍ ക്ലീനിക്കിലെ ജീവനക്കാരിയായ ശാന്തയുടെ സാമ്പത്തിക സ്ഥിതിയറിഞ്ഞ് ശ്രീരാഗിനെ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സാമ്പത്തികം സ്വരൂപിക്കുന്നതിനായി ഇന്നലെ സഹായം അഭ്യാര്‍ത്ഥിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്‍കാതെയാണ് ശ്രീരാഗിന്റെ മരണം. സഹോദരന്‍ തരുണ്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്ളതിനാല്‍ ആറ് മാസം മുമ്പാണ് സായിഗ്രാമത്തില്‍ കുടുംബത്തിന് വീട് അനുവദിച്ച് കിട്ടിയത്. കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്റി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശ്രീരാഗ് വടംവലി താരം കൂടിയാണ്. കാസര്‍കോട് ജില്ലക്ക് വേണ്ടി സംസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ സായി ഗ്രാമത്തില്‍ എത്തിക്കും. ശേഷം എടനീരിലേക്ക് കൊണ്ട് പോയി സംസ്‌കാരം നടത്തും. സഹോദരി ദേവനന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page