നീലേശ്വരം: നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം അശ്ചര്യം പകര്‍ന്നു. നീലേശ്വരത്തെ പുളിയാംവള്ളി പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകള്‍ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും ഇടകാലവുമായി മുക്കാല്‍ മണിക്കൂറോളം വൈഗ തായാമ്പക വാദ്യം അവതരിപ്പിച്ചു. കലാകാരന്മാരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ തായമ്പക താളത്തില്‍ ലയിച്ചു. രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൈഗ. പിതാവ് വിജയകുമാര്‍ മാധ്യമപ്രവര്‍ത്തകനും വാദ്യകലാകാരനുമാണ്. മാതാവ് ഗായത്രി മാതമംഗലം സ്വദേശിനിയാണ്. നീലേശ്വരം സജിത് മാരാര്‍ക്ക് കീഴിലാണ് തായമ്പക അഭ്യസിച്ചത്.
