കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം, ചേലേപ്ര, ചളിപ്പാടം, പുള്ളിപ്പറമ്പ്, ദാറുല്‍ നിജാത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍ (29), ജാര്‍ഖണ്ഡ് ബെല്‍പ്പാഹദി സ്വദേശി സുജിത്ത് തിഗ്ഗ (30) എന്നിവരാണ് അറസ്റ്റിലായത്. സ്ഥലം ഉടയ്മക്കെതിരെയും കേസെടുത്തു. പൈവളിഗെ, ദൈഗോളിയിലെ അനധികൃത ക്വാറിയിലാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 33 ജലാറ്റിന്‍സ്റ്റിക്കുകളും ഒരു ഡിറ്റനേറ്ററും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കണ്ണൂര്‍, പാനൂരില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൈവളിഗെയിലെ ക്വാറിയില്‍ പൊലീസ് പരിശോധന നടത്തിയത്. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ ലിനേഷ്, സുമേഷ്‌രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരും ഉണ്ടായിരുന്നു.
