കാസര്‍കോട്: ഒളവറയിലെ വ്യാപാരിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബി.ഫാസിലിനെ( 26)യാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കരിപ്പൂര്‍ ഒളവറയിലെ വ്യാപാരിയായ കെ.വിജയന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് പ്രതിയെ പിടികൂടിയത്. 2022-ല്‍ വ്യാപാര സ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനം മലപ്പുറം കല്‍പ്പഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെയാണ് പ്രതി മലപ്പുറം പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. നേരത്തെ പടന്നയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതിയായിരുന്നു യുവാവ്. ഇന്‍സ്‌പെക്ടര്‍ മനോജ് പൊന്നംപാറയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ സുരേഷ് ക്ലായിക്കോട്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഷാജു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
