
കാസർകോട് : ഉപ്പള ബപ്പായതൊട്ടിയിലെ മുഹമ്മദ് ഫാറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയി ഇരുമ്പ് വടിയും പഞ്ചും കത്തിയും ഉപയോഗിച്ച് ഗുരുതരനിലയിൽ മർദിച്ചു അവശനാക്കിയ ശേഷം തിരിച്ച് വീട്ടിൽ ഉപേക്ഷിച്ച് രക്ഷപെട്ട കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംബ്രാണയിലെ കിരണിനെയും മറ്റൊരാളെയും ആണ് വലയിൽ ആക്കിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ബപ്പായത്തൊട്ടി അമാൻ മൻസിലിലെ മുഹമ്മദ് ഫാറൂഖിനെ (35) ബന്ധുവായ കടമ്പാറിലെ ഇർഷാദ് വീട്ടിൽ നിന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയത്. ബംബ്രാണയിൽ വരെ പോകണം എന്ന് പറഞ്ഞായിരുന്നു ഇത്. ബംബ്രാണയിലെ വയലിനടുത്തുള്ള ഒരു വീട്ടുമുറ്റത്ത് കാർ നിർത്തിയ ശേഷം മുഹമ്മദ് ഫാറൂഖിനെ കാറിൽ നിന്ന് ഇറക്കി. ഉടൻതന്നെ തിരിച്ചുപോകാൻ പാകത്തിൽ കാർ തയാറാക്കി നിർത്തി. പെട്ടന്ന് തന്നെ കിരണും മറ്റ് രണ്ടുപേരും വീട്ടിൽ നിന്ന് ഇറങ്ങി വന്നു. അപ്പോൾ തന്നെ ഇർഷാദ് സ്ഥലത്തുനിന്നു കാറുമായി സ്ഥലം വിട്ടു. കിരൺ ഇരുമ്പ് വടി കൊണ്ട് ഫാറൂഖിനെ തലയ്ക്കും ദേഹത്തും അടിച്ചു. ഒരാൾ പഞ്ചു കൊണ്ടു മുഖത്തു അടിച്ചു. മറ്റൊരാൾ കത്തികൊണ്ട് കുത്തി. അപ്പോഴേക്കും തിരിച്ചു വന്ന ഇർഷാദ് ഫാറുഖിനെ ഇരിമ്പുവടി കൊണ്ട് വീണ്ടും മർദിച്ചു ഇതിനിടയിൽ ബോധംകെട്ടു നിലത്തു വീണ ഫാറുഖിനെ കാറിൽ എടുത്തിട്ട് ബാപ്പയാതൊട്ടിയിലെ അയാളുടെ വീട്ടിൽ കൊണ്ട് ഇട്ട ശേഷം സ്ഥലം വിട്ടു. ഉച്ചവരെ ഫാറൂഖിനെ വീട്ടിന് പുറത്ത് കാണാതായതിനെ തുടർന്ന് അയൽക്കാർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന ഫാറുഖിനെ കണ്ടെത്തിയത്.അവർ ഫാറുഖിനെ ഉടൻ ഉപ്പളയിലെ ആശുപത്രിയിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലും കൊണ്ടുപോയി. സംഭവത്തിൽ നരഹത്യ ശ്രമത്തിന് പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതിനിടയിലാണ് രണ്ടു പേര് വലയിലായത്. കർണാടകയിൽ ജയിലിലായിരുന്നു കിരൺ. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതൻ ആയതെന്ന് പറയുന്നു.കുമ്പളയിലും ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഫാറൂഖ് തിരുവനന്തപുരത്തു ഹോട്ടൽ തൊഴിലാളിയാണ് അടുത്തിടെ പിതാവ് മരിച്ചു ഇതിനെ തുടർന്നാണ് വീട്ടിൽ എത്തിയത് . വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പിതാവിന്റെ മരണത്തെ തുടർന്ന് മാതാവ് സഹോദരിക്കൊപ്പം ആണ് താമസം.