റിയാസ് മൗലവി വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടര്‍ നിയമനടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നല്‍കിയ നിര്‍ദ്ദേശം.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയില്‍ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍.
അതിനിടെ വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്ന് കേസിലെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേസമയം എന്നാല്‍ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്. കോടതി ഡിഎന്‍എ തെളിവിനു പോലും വില കല്‍പ്പിച്ചില്ലെന്ന് വിധി പറഞ്ഞതിന് പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂസിന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് വിധിപ്പകര്‍പ്പിലുളളത്.
ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ പ്രതിനിധികള്‍, കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ് പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡിഐജിയുമായ ഡോ. എ ശ്രീനിവാസന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ വിധി മൂന്നു തവണ മാറ്റി വച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page