ഗായിക ചിത്രാ അരുണിന്റെ ഫേസ് ബുക്ക് ഹാക്ക് ചെയ്തു. അജ്ഞാതര്‍ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ചലചിത്ര പിന്നണി ഗായിക ചിത്ര അരുണ്‍. പേജില്‍ ഇപ്പോള്‍ അശ്ലീല വീഡിയോകള്‍ വരുന്നതായും സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ട് ഫലമുണ്ടായില്ലെന്നും ഗായിക പറയുന്നു. മൂന്നു മാസം മുമ്പാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ വഴിയാണ് ഹാക്ക് ചെയ്തവിവരം അറിയുന്നത്. പഴയ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ‘മൂന്നു മാസത്തോളമായി ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ട്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. കുറേ നാളുകള്‍ക്ക് ശേഷം അതില്‍ എന്തൊക്കെയോ അശ്ലീല വീഡിയോകള്‍ വരുന്നുണ്ട് എന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിങ്ങളെ പോലെ തന്നെ എനിക്ക് പേജ് നോക്കിക്കാണാന്‍ മാത്രമേ പറ്റുന്നുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ല. ആ ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതെനിക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.’ – ചിത്ര പറഞ്ഞു.
പുതിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗായികയുടെ അഭ്യര്‍ത്ഥന. അമ്പതിനായിരത്തോളം ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ‘ഹൗസ് ഫുള്‍’ എന്ന ചിത്രത്തിലൂടെ ആദ്യമായി പാടി ശ്രദ്ധേയയായ ഗായികയാണ് ചിത്ര അരുണ്‍. പുഴയുടെ തീരത്തൊരുത്രാട രാവില്‍ എന്ന ലളിത ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
