കൈവശ ഭൂമിക്കു പട്ടയം നല്‍കാന്‍ കൈക്കൂലി; ഇരുപതിനായിരം രൂപ വാങ്ങിയ അഡൂര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കര്‍മ്മംതൊടി സ്വദേശി കെ.നാരായണയെ( 47)ആണ് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്ക ഹൗസില്‍ പി.മേശന്റെ പരാതിയിലാണ് നാരായണയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജന്‍മി കുടിയായ്മയായി 100 വര്‍ഷം മുമ്പ് കിട്ടിയ 54 സെന്റ് ഭൂമിക്ക് പട്ടയത്തിനായി ലാന്‍ഡ് ട്രിബൂണില്‍ അപേക്ഷിച്ചിരുന്നു. അപേക്ഷ പരിശോധിച്ചു എസ്എം പ്രപ്പോസല്‍ നല്‍കുന്നതിന് അഡൂര്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. ഈ സ്ഥലം പരിശോധിച്ച് പ്രപ്പോസല്‍ നല്‍കുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നാരായണന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അതിനിടയില്‍ വില്ലേജ് ഓഫീസര്‍ താലൂക്ക് ഇലക്ഷന്‍ സെല്ലിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. താലൂക്ക് ഓഫീസില്‍ വെച്ച് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫിസറെ കണ്ട് ശനിയാഴ്ച ഫയല്‍ ശരിയാക്കിത്തരാമെന്നു നാരായണ വാഗ്ദാനം നല്‍കിയിരുന്നു. ശരിയാക്കിത്തരാന്‍ 20,000 രൂപയുമായി താലൂക്ക് ഓഫീസിലേക്ക് എത്തണമെന്നും നാരായണ ആവശ്യപ്പെട്ടിരുന്നു. സംഗതി പന്തിയില്ലെന്ന് കണ്ട പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സ് അധികൃതരെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് അധികൃതര്‍ നല്‍കിയ പണം രമേശനില്‍ നിന്നും വാങ്ങിയശേഷം കെ. ല്‍ -14- എന്‍ 6753 നമ്പര്‍ മാരുതി 800 കാറില്‍ താലൂക്ക് ഓഫിസിലേക്ക് വരുന്നതിനിടയിലാണ് വിജിലന്‍സ് സംഘം വാഹനം തടഞ്ഞി നിര്‍ത്തി കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയത്.
ഡിവൈഎസ്പിയെ കൂടാതെ വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, പൈവളികെ കൃഷി ഓഫിസര്‍ അജിത് ലാല്‍, ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി വിനോദ് കുമാര്‍, വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ രാധാകൃഷ്ണന്‍, പിവി സതീശന്‍, വി മധുസൂദനന്‍, അസി സബ് ഇന്‍സ്‌പെക്ടര്‍ വിടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ വി രാജീവന്‍, പി.വി സന്തോഷ്, കെ.വി ജയന്‍, കെ.ബി ബിജു, വിഎം പ്രദീപ്, കെ.വി ഷീബ, കെ പ്രമോദ് കുമാര്‍, ടി കൃഷ്ണന്‍, എ വി രതീഷ് എന്നിവരുമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page