കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ; നീതി കിട്ടിയില്ലെന്ന് സൈദ; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍

കാസര്‍കോട്: നീതി കിട്ടിയില്ലെന്ന് 2017 മാര്‍ച്ച് 20ന് രാത്രി ചൂരി പഴയ പള്ളിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസിലെ പ്രതികളായ കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, ഗംഗൈ നഗറിലെ അഖിലേഷ് എന്നിവരെ വെറുതെ വിട്ടു കൊണ്ടുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു സൈദ. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി. ഷിജിത്ത് പ്രതികരിച്ചു. അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകനായ സി. ഷുക്കൂറും വ്യക്തമാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണിത്. പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വിജയിച്ചു. ഒരു സാക്ഷി പോലും വിചാരണ വേളയില്‍ കൂറു മാറിയിരുന്നില്ല. മുഴുവന്‍ സാക്ഷികളും പ്രോസിക്യൂഷനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്-ഷുക്കൂര്‍ വ്യക്തമാക്കി.
വിധിയില്‍ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തു വരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അപ്പീല്‍ പോകുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
നിരവധി തവണ മാറ്റി വെച്ച ശേഷമാണ് റിയാസ് മൗലവി വധക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page