അമ്പലത്തറ കള്ളനോട്ട് കേസ്: അറസ്റ്റിലായവര്‍ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്തു; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഐ ബി അടക്കമുള്ള ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് 20ന് വൈകുന്നേരമാണ് വാടക വീട്ടില്‍ ചാക്കില്‍ കെട്ടിവച്ച നിലയില്‍ നിരോധിത 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ വീടു വാടകയ്ക്കെടുത്ത പെരിയ സിഎച്ച് ഹൗസിലെ അബ്ദുല്‍ റസാഖ്, മൗവ്വല്‍, പരയങ്ങാനം ഹൗസിലെ സുലൈമാന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും വയനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് പിടികൂടിയത്. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇരുവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ സമയത്തും കേന്ദ്ര ഏജന്‍സിയുടെ പ്രതിനിധികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. 2000 രൂപയുടെ നിരോധിത നോട്ടുകള്‍ കൂടാതെ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എവിടെ നിന്നാണ് കള്ളനോട്ടുകള്‍ അച്ചടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. തങ്ങള്‍ വിതരണക്കാര്‍ മാത്രമാണെന്നാണ് ഇരുവരും മൊഴി നല്‍കിയത്. സംഭവത്തിനു പിന്നില്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളായ ചിലര്‍ക്കും നിരോധിത നോട്ടുകളുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായുള്ള സൂചനകള്‍ അബ്ദുല്‍ റസാഖും സുലൈമാനും പൊലീസിനോട് സമ്മതിച്ചിരുന്നു. പ്രസ്തുത ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. എന്നാല്‍ നിരോധിത കള്ളനോട്ടുകള്‍ അച്ചടിച്ച സംഘം നിലവിലുള്ള 500 രൂപയുടെ നോട്ടുകളും അച്ചടിച്ചിട്ടുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അറസ്റ്റിലായ പ്രതികള്‍ക്കു അന്നുതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page