കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മാതാവിന്റെ നിലവിളികേട്ട് കുട്ടിയെ ഉപേക്ഷിച്ച് ആള് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിയോടെ ബേക്കല്‍ കോട്ടക്കുന്നിലാണ് സംഭവം. ഒരു വയസ്സുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് സഹായം ചോദിച്ച് എത്തിയ ഒരാളാണ് കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിക്ക് വെള്ളം കൊടുക്കാന്‍ അകത്തേക്ക് പോയ സമയത്താണ് വന്ന ആള് കുട്ടിയെയും കൊണ്ട് സ്ഥലം വിട്ടത്.
കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട മാതാവ് നിലവിളിച്ചതോടെ ഗേറ്റിനു സമീപം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പലഭാഗത്തും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും തൊപ്പിയുമാണ് വേഷം. താടിയുമുണ്ട്. കൈയില്‍ ചെറിയ ബാഗും ഉണ്ടായിരുന്നു. ഇയാള്‍ വാഹനത്തിലാണോ വന്നതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
