കാസര്‍കോട്: വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. പെരുന്നാള്‍ ആഘോഷത്തിനു നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍. തിങ്കളാഴ്ച വൈകുന്നേരം മാതാവ്, ഭാര്യ, നാലു മക്കള്‍ എന്നിവരെ കൂട്ടി ഉളുവാറിലുള്ള സഹോദരി നുസ്രത്തിന്റെ വീട്ടില്‍ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ അലമാര കുത്തിപ്പൊളിച്ചതായും 25 പവന്‍ സ്വര്‍ണവും ദിര്‍ഹവും നഷ്ടപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പരിശോധന ആരംഭിച്ചു.
സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പിന്‍ഭാഗത്തെ ചെറിയ ഗേറ്റിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
