കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ മൗവ്വല്‍ പരയങ്ങാനത്തു താമസക്കാരനും കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയുമായ സുലൈമാനു(52)മായി പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. സുലൈമാന്‍ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചടക്കമുള്ള വിവിധ ഏജന്‍സികളും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം ഞായറാഴ്ച മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകള്‍ ശേഖരിച്ചതെന്നാണ് സുലൈമാന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അത് പൊലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് അറസ്റ്റിലായ സുലൈമാനെയും പെരിയ, ബി.എസ് ഹൗസിലെ അബ്ദുല്‍ റസാഖി(49)നെയും കനത്ത പൊലീസ് കാവലില്‍ അമ്പലത്തറ സ്റ്റേഷനില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ നിരോധിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ അടിച്ചതിന്റെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.