വടകരയില്‍ കനത്ത പോര്; ഉപതിരഞ്ഞെടുപ്പ് എവിടെയായിരിക്കും പാലക്കാട്ടോ മട്ടന്നൂരോ?

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വീരശൂര പരാക്രമികള്‍ അങ്കം വെട്ടിയ മണ്ഡലമാണ് വടകര. അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം കെ.മുരളീധരനായിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. മുരളീധരന്‍, പി. ജയരാജന്‍ എന്ന ചുവന്ന സിംഹത്തെ കീഴടക്കിയത് സിപിഎമ്മിനകത്ത് പോലും വലിയ ഞെട്ടലിന് ഇടയാക്കിയിരുന്നു. വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ഇത്രയും കനത്ത തോല്‍വി സി.പി.എം സ്വപ്നത്തില്‍ പോലും കണക്കുകൂട്ടിയിരുന്നില്ല. അന്നത്തെ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ 5,26,755 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ വി ജയരാജന് 4,42,092 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പികെ സജീവന് 80,128 വോട്ട് ലഭിച്ചു.
കൂത്തുപറമ്പ്, തലശ്ശേരി, വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങല്‍ ചേര്‍ന്നതാണ് വടകര ലോക്സഭാ മണ്ഡലം.
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്നത് സിപിഎമ്മിന്റെ വലിയ ദൗത്യവും ലക്ഷ്യവുമാണ്. അത് കൊണ്ട് തന്നെയാണ് കെ.ആര്‍ ഗൗരിയമ്മക്ക് ശേഷം സിപിഎം കണ്ട ഏറ്റവും വലിയ വനിതാ നേതാവായ കെകെ ശൈലജയെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. മന്ത്രിയെന്ന നിലയിലും കോവിഡ് കാലത്തെ പ്രവര്‍ത്തനവും ശൈലജയെ സാധാരണക്കാര്‍ക്കിടയില്‍ പോലും വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന നിലപാടും ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചു. നിലവില്‍ മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് ശൈലജ.
വടകരയില്‍ സിറ്റിംഗ് എംപിയായ കെ. മുരളീധരന്റെ പേരാണ് യുഡിഎഫ് ആദ്യം പരിഗണിച്ചിരുന്നത്. മുരളീധരന്‍ മത്സരത്തിനു തയ്യാറാകുകയും ചെയ്തു. എന്നാല്‍ സഹോദരി പത്മജ ബിജെപിയിലേക്ക് ചേക്കേറിയതിനെത്തുടര്‍ന്ന് തൃശൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത കണ്ടതിനെ തുടര്‍ന്ന് മുരളിയെ രായ്ക്കുരാമാനം വടകരയില്‍ നിന്നു മാറ്റി തൃശൂരിലേക്ക് അയച്ചു. പകരം പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു എം.എല്‍.എമാര്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി വടകരക്കുണ്ടായി. വടകരയില്‍ ആരു ജയിക്കുമെന്ന ഉദ്വേഗത്തിനൊപ്പം ഏത് നിയമസഭാ മണ്ഡലത്തിലായിരിക്കും ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്ന ചോദ്യവും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page