യാത്രക്കാര്‍ ചോദിക്കുന്നു, ഒരു ട്രെയിനിനെങ്കിലും കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുമോ..?

കുമ്പള: കൂടുതല്‍ ട്രെയിനുകള്‍ മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ കുമ്പളയില്‍ ഒരു ട്രെയിനിന് എങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരികളും രംഗത്ത്. ഈ മാസം തന്നെ വന്ദേ ഭാരത് അടക്കം 2 ട്രെയിനുകളാണ് മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയത്. മംഗളൂരു -രാമേശ്വരം ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും. പ്രസ്തുത ട്രെയിനിനോ, കച്ചെഗുഡ എക്‌സ്പ്രസ്സിനോ കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് ഇപ്പോള്‍ കോഴിക്കോട്ട് വരെ നീട്ടിയിട്ടുണ്ട്. ഈ ട്രെയിനിന് കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ തന്നെ യാത്രക്കാര്‍ ആവശ്യപ്പെട്ട് വരുന്നതുമാണ്. അതേപോലെ പരശുറാം, മാവേലി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരികളും, നാട്ടുകാരും, വിദ്യാര്‍ത്ഥി സംഘടനകളും മന്ത്രിമാര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരന്തരമായി നിവേദനങ്ങള്‍ നല്‍കി വരികയാണ്. ഒരു പതിറ്റാണ്ട് കാലമായി ഈ ആവശ്യവുമായി സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട് എന്നാല്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഏകദേശം 37 ഓളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍. നിറയെ യാത്രക്കാരും, നല്ല വരുമാനവുമുള്ള ജില്ലയിലെ സ്റ്റേഷനുകളില്‍ ഒന്നാണ് കുമ്പള. എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറ്റവും പിറകിലാണ് കുമ്പള. റേഷന്‍ വികസനത്തിനായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി യാത്രക്കാര്‍ മുറവിളി കൂട്ടുകയാണ്.
ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനാണ് ഏറെ മുറവിളി ഉയരുന്നത്. ഒപ്പം യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതിരിക്കാന്‍ പ്ലാറ്റ്‌ഫോമിന് കൂടുതല്‍ മേല്‍ക്കൂര നിര്‍മിക്കുക, സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക, വിശാലമായ സ്ഥലസൗകര്യമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനെ ‘സാറ്റലൈറ്റ്’ സ്റ്റേഷനായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാര്‍ മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page