കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാറപ്പള്ളി, ഗുരുപുരത്ത് ഇന്നലെ വൈകിട്ട് 7 കോടിയില്‍പരം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസ് അന്വേഷണ ചുമതല ഉടന്‍ കള്ളനോട്ട് കേസുകള്‍ കൈകാര്യം ചെയ്യുന്ന കൗണ്ടര്‍ ഫീറ്റ് വിഭാഗത്തിന് കൈമാറും. രഹസ്യാന്വേഷ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുപുരത്ത്, പാറപ്പള്ളി സ്വദേശിയായ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നോട്ടുകള്‍ പിടികൂടിയത്. വീടിന്റെ ഹാളിലും പൂജാമുറിയിലും ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു നോട്ടുകള്‍. ആദ്യ പരിശോധനയില്‍ കുറച്ചു നോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അടഞ്ഞു കിടന്ന പൂജാ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കെട്ടു കണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ നോട്ടുകെട്ടുകള്‍ ആദ്യം കൈകൊണ്ടാണ് എണ്ണിത്തുടങ്ങിയത്. ഇതിന് മണിക്കൂറുകള്‍ വേണ്ടിവരുമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്ന് യന്ത്രസഹായം തേടി. പകുതിയോളം നോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോഴാണ് നോട്ടു കെട്ടുകളില്‍ കള്ളനോട്ടും ഉള്ളതായി കണ്ടെത്തിയത്. ഇതോടെ യന്ത്ര സഹായത്തോടെ എണ്ണുന്നത് ഒഴിവാക്കി. ഓരോ നോട്ടു കെട്ടുകളും പരിശോധിച്ച് കള്ളനോട്ടും 2000 രൂപയുടെ നിരോധിത നോട്ടും വേര്‍തിരിച്ചാണ് എണ്ണുന്നത്. ഇന്ന് ഉച്ച വരെ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ല. കല്ല്യോട്ട് താമസിക്കുന്ന പാണത്തൂര്‍ സ്വദേശിയായ അബ്ദുല്‍ റസാഖാണ് വീട് വാടകക്ക് എടുത്തിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് വീട് എടുത്തത്.
അതേസമയം കള്ളനോട്ടിനു പിന്നില്‍ കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശിയായ സുലൈമാന്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ക്ക് വേണ്ടിയാണ്് ബാബുരാജിന്റെ വീട് പ്രതിമാസം 7500 രൂപ വാടക പ്രകാരം ഏറ്റെടുത്തത്. ഇന്നലെ വൈകുന്നേരം മുതല്‍ ഒളിവില്‍ പോയ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹദ്ദാദ് നഗറില്‍ മറ്റൊരു വാടക വീട് കൂടിയുണ്ട്. ഈ വീടും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഏഴുവര്‍ഷം മുമ്പാണ് സുലൈമാന്‍ ഹദ്ദാദ് നഗറില്‍ വാടകവീട്ടില്‍ താമസം തുടങ്ങിയത്. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വളരെ വേഗത്തില്‍ തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. ആള്‍ക്കാരുടെ പിന്തുണ ലഭിക്കുന്നതിനു അകമഴിഞ്ഞ് സഹായിക്കാനും ഇയാള്‍ തയ്യാറായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വന്തം നിലക്ക് ടെന്നീസ് കോര്‍ട്ട് നിര്‍മ്മിച്ചു ഇയാള്‍ നല്‍കാനും മടിച്ചില്ല. ഒളിവില്‍ പോയ ഇയാളെ കണ്ടെത്തിയാലെ കള്ളനോട്ടുകള്‍ എവിടെ വെച്ചാണ് അച്ചടിച്ചതെന്നു വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
