‘
കാസർകോട്: ആറുവർഷം മുമ്പു അപകട നിലയിലെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയ കുമ്പള കഞ്ചിക്കട്ട പാലം അടയ്ക്കാൻ വെള്ളിയാഴ്ച ഉച്ചക്കെത്തിയ അധികൃതസംഘത്തെ നാട്ടുകാർ തടഞ്ഞു.
രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെത്തുടർന്നു പാലം വഴി ഓട്ടോ ഗതാഗതം . അനുവദിക്കാമെന്നു അധികൃതർ സമ്മതിച്ചു. ഹെവി വെഹിക്കിളുകളുടെ ഗതാഗതം തടഞ്ഞു. പരീക്ഷാകാലമായതി നാൽ അധികൃത ഔദാര്യത്തെ നാട്ടുകാർ അഭിനന്ദിച്ചു.
കുമ്പള -കഞ്ചിക്കട്ട – കൊടിയമ്മ -കളത്തൂർ – കട്ടത്തടുക്ക റോഡിലാണ് പാലം അപകട നിലയിലായത്. കുമ്പളയിൽ നിന്നു കട്ടത്തടുക്കയിലേക്കുള്ളഎളുപ്പവഴിയാണിത്പാലം ആറുവർഷം മുമ്പ് അപകടത്തിലാണെന്ന് അധികൃതർ മുന്നറിയിപ്പ് ബോഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇതുവഴി ചെങ്കല്ലു ലോറികളും പൂഴി ടിപ്പറുകളും ബസ്സുകളും തലങ്ങും വിലങ്ങും ഓടുകയായിരുന്നു. അടുത്തിടെ ജില്ലാ കളക്ടർ പാലം നേരിട്ടു സന്ദർശിച്ച ശേഷമാണ് അതുവഴിയുള്ള വാഹനഗതാഗതം തടയാൻ വീണ്ടും നിർദ്ദേശിച്ചത്. അതിനു ശേഷം മാസങ്ങൾ പിന്നിട്ട ശേഷമാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി അടക്കാൻ ഇന്നു ശ്രമമുണ്ടായത്. ഇതു നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. പാലം പൂർണമായി അടയ്ക്കുന്നതിനു മുമ്പു ബദൽ ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
