കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ച; 1.5 ലക്ഷം രൂപ കവര്‍ന്നു;വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസിലെ ലോക്കര്‍ കടത്തിക്കൊണ്ടു പോയി

കാസര്‍കോട്: കാസര്‍കോട് നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കവര്‍ച്ച. രാത്രികാല കാവല്‍ക്കാരനുള്ള കാസര്‍കോട് വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസില്‍ അതിക്രമിച്ചു കടന്ന കവര്‍ച്ചക്കാര്‍ ലോക്കര്‍ ഇളക്കിയെടുത്ത് കൊണ്ടു പോയി. ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. കാസര്‍കോട്, എ.ടി റോഡില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ജില്ലാ വ്യാപാര ഭവനിലാണ് ക്ഷേമ സഹകരണസംഘം പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് മണിയോടെ ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വ്യാപരഭവന്റെ പിന്‍ഭാഗത്തു കൂടി മതില്‍ ചാടിക്കടന്ന മോഷ്ടാക്കള്‍ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. തുടര്‍ന്ന് നിലത്ത് അലമാരക്ക് അകത്ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ ഇളക്കിയെടുത്ത് കൊണ്ടു പോവുകയായിരുന്നു. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്ക് എത്തി. നഗരത്തില്‍ കവര്‍ച്ച വ്യാപകമായ സാഹചര്യത്തില്‍ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നാളെ വൈകുന്നേരം നാലിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ഏതാനും ദിവസങ്ങളായി കാസര്‍കോട് നഗരത്തില്‍ കവര്‍ച്ചകള്‍ പെരുകിയത് ജനങ്ങളിലും വ്യാപാരികള്‍ക്കിടയിലും ഭീതി ഉയര്‍ത്തിയിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page