കാസര്‍കോട്: പൊലീസ് അറസ്റ്റു ചെയ്ത ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കൊലക്കേസുകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തെളിയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീയാപ്പദവ്, മദക്കള സ്വദേശി മൊയ്തീന്‍ ആരിഫ്(22) മാര്‍ച്ച് അഞ്ചിനാണ് കൊല്ലപ്പെട്ടത്. നാലാം തിയതി രാത്രി കഞ്ചാവ് ലഹരിയില്‍ ബഹളം വെച്ച മൊയ്തീന്‍ ആരിഫിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. അന്ന് രാത്രി തന്നെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റഷീദിന്റെ കൂടെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം മൊയ്തീന്‍ ആരിഫിനെ ബൈക്കില്‍ കയറ്റി കൊണ്ടു പോയി തൂമിനാട് മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് വീട്ടില്‍ എത്തിച്ചത്. പിറ്റേ ദിവസം രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന നിലയില്‍ മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാരുടെയും പൊലീസിന്റെയും ഇടപെടല്‍ കാരണം അതിന് കഴിഞ്ഞില്ല. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് മൊയ്തീന്‍ ആരിഫിന്റെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റഷീദ്, കൂട്ടുപ്രതികളായ സിദ്ദിഖ്, ഷൗക്കത്ത് എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്റിലാണ്. കേസില്‍ ഇനി ആറു പേരെയാണ് കിട്ടാനുള്ളത്. ഇവരില്‍ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്. നേരത്തെയും ഗള്‍ഫിലേക്ക് പോയിട്ടുള്ളവരാണ് ഇരുവരും. ഇരുവരെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നോട്ടീസ് പുറത്തിറക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയാണ് ലക്ഷ്യം.
മറ്റു നാലു പ്രതികളില്‍ രണ്ടു പേര്‍ ബംഗളൂരുവിലും മറ്റു രണ്ടു പേര്‍ ഗോവയിലുള്ളതായുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള സൂചന.