കോണ്‍ഗ്രസ് നേതാക്കളായ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും ബി.ജെപിയില്‍ ചേര്‍ന്നു; അംഗത്വം നല്‍കി സ്വീകരിച്ച് ബി.ജെപി നേതാക്കള്‍

തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയന്‍, കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസ്, മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം കാറില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പമാണ് ഉദയനും ബിജെപി ഓഫീസിലെത്തിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസും മകനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. പത്മിനി തോമസിനെ ഷാള്‍ അണിയിച്ച കെ. സുരേന്ദ്രനാണ്. പത്മിനിക്കൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്തെ വികസനം തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരതമ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്തെ വികസനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page