
കാസര്‍കോട്: സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത വിരുതനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാണകക്കുണ്ട്, കല്ലേന്‍ ഹൗസിലെ കെ.ജെ സജിത്തി(32)നെയാണ് കുടിയാന്മല എസ്.ഐ വി.ഡി റോയിച്ചനും സംഘവും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെ പ്രശസ്തമായ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. അവധിയില്‍ നാട്ടിലെത്തിയ സജിത്ത് സ്‌കൂട്ടറില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. വിളക്കന്നൂരിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി നടന്നു പോകുന്നത് കണ്ടു. കുട്ടിയുടെ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി കണ്ണാടിപ്പാറയിലേക്കുള്ള വഴി ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞു കൊടുക്കുകയും ചെയ്തു. സ്‌കൂട്ടറുമായി അല്‍പനേരം മുന്നോട്ട് പോയ സജിത്ത് തിരിച്ചു വരികയും പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
പെണ്‍കുട്ടി നിലവിളിക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്തതോടെ അക്രമി പിന്തിരിയുകയായിരുന്നു. സംഭവത്തില്‍ കുടിയാന്മല പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അക്രമിയെ കണ്ടെത്തിയിരുന്നില്ല. നടുവില്‍ മുതല്‍ മയ്യില്‍ വരെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.