കാസർകോട്: കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ട് നടപ്പിലാക്കുന്നതിനായി സ്വകാര്യ, ടി.വി ചാനലുകളെ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം നടന്നാല്‍ നടപടി എടുക്കുന്നതിനുമായി ജില്ലാതല നിരീക്ഷണ സമിതി കാസർകോട്ട് രൂപീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് സമിതി രൂപീകരിച്ചത്. ജില്ലാപൊലീസ് മേധാവി പി.ബിജോയ്, ജില്ലയിലെ വനിതാ കോളേജ് പ്രതിനിധിയായി തന്‍ബീഹുല്‍ ഇസ്ലാം വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.പി.ജലീല്‍, സൈക്കോളജി കമ്മ്യൂണിക്കേഷന്‍ പ്രതിനിധിയായി അക്കാദമിക രംഗത്ത് നിന്ന് സൈക്കോളജിസ്റ്റ് മാധുരി എസ് ബോസ്, ശിശുക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പ്രതിനിധിയായി കാവല്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, വനിതാക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പ്രതിനിധിയായി വികാന്‍ പ്രതിനിധി വിദ്യാധരന്‍, ഇലക്ട്രോണിക് മാധ്യമരംഗത്തെ പ്രതിനിധിയായി മാധ്യമപ്രവര്‍ത്തകന്‍ സിജു കണ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. അഞ്ച് വര്‍ഷമാണ് സമിതിയുടെ കാലാവധി. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരമാണ് സമിതിയുടെ പ്രവര്‍ത്തനം. കേബിള്‍ ടിവി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് 1995 പ്രകാരം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സമിതി പ്രവര്‍ത്തിക്കുക. ജില്ലാതല മോണിറ്ററിംഗ് സമിതി ഓഫീസ് മെമ്മോറാണ്ടത്തിലെ അനക്‌സര്‍ ll ലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, എ.ഐ.ആര്‍ ബ്രോഡ്കാസ്റ്റ് കോഡ് മുതലായവ പാലിക്കേണ്ടതും, ടെലിവിഷന്‍ ചാനലുകള്‍, കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ ചുമതല. ടെലിവിഷന്‍ ചാനലുകള്‍ക്കായി രൂപീകരിച്ച ചട്ടങ്ങളുടെ ലംഘനത്തെക്കുറിച്ചും വ്യക്തികള്‍, സംഘടനകള്‍ കൊണ്ടുവരുന്ന പരാതികള്‍ പരിശോധിക്കുന്നതിനോ സ്വമേധയാ നടപടിയെടുക്കുന്നതിനോ കമ്മിറ്റി രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരും. നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്‍പാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ട വിഭാഗത്തെ ജാതീയമായി ദ്യശ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പിന്നോക്ക സമുദായ ക്ഷേമ നിയമസഭാ സമിതിക്ക് മുന്നില്‍ ഉന്നയിച്ച വിഷയം സമിതി വിവര പൊതുജനസമ്പർക്ക വകുപ്പിന് നൽകിയ ശുപാർശ പരിഗണിച്ച് സമിതി ചര്‍ച്ച ചെയ്തു. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വിഷയങ്ങളിലുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് സമിതിയെ അറിയിക്കാം. പരാതികള്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ചേരുന്ന സമിതി പരിശോധിച്ച് നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കാം. കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് സംബന്ധിച്ച് ദൃശ്യമാധ്യമ പ്രതിനിധികള്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.