പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി; എന്താണ് ഈ നിയമം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നിലവിൽ (CAA) വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ൽ പാർലമെൻ്റ് പാസാക്കിയ സിഎഎ, ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തതോടെയാണ് നിയമം പ്രാബല്യത്തിലായത്. ബിജെപിയുടെ 2019 പ്രകടനപത്രികയിലെ അവിഭാജ്യ ഘടകമായിരുന്നു ഇത്. അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും എന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുക. മതിയായ രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.
പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല.
പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ.
2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ ബിൽ പാസായിരുന്നു.
അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേര്‍ പുറത്തായത് സങ്കീര്‍ണതകളിലേക്കു വഴിതുറക്കുകയുണ്ടായി. അസമിലെ പൗരത്വവിഷയം ദേശീയതലത്തില്‍ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്‌നമായും അതു മാറി.
അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് റജിസ്റ്ററില്‍ പുറത്തായവരില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്‌ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ്. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്. ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. അതേ സമയം പൗരത്വ ഭേദഗതി നിയമം അസമിലെ 10 ലക്ഷം മുസ്ലീങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകും എന്നാണ് പൊതുവേയുള്ള പ്രചരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page