മഞ്ചേശ്വരത്തെ ആള്‍ക്കൂട്ട കൊല; രണ്ടുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മീഞ്ച, മദക്കളയിലെ മൊയ്തീന്‍ ആരിഫി (22)നെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മഞ്ചേശ്വരം തൂമിനാട് സ്വദേശികളായ ഷൗക്കത്തലി, സിദ്ദീഖലി എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയും ആരിഫിന്റെ സഹോദരിയുടെ ഭര്‍ത്താവുമായ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥയിലെ ഇര്‍ഷാദ് മന്‍സിലിലെ അബ്ദുല്‍ റഷീദിനെ ബുധനാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കേസില്‍ ഇനി ആറുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കൊലപാതകത്തിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-” ഞായറാഴ്ച രാത്രി കഞ്ചാവ് ലഹരിയില്‍ മൊയ്തീന്‍ ആരിഫ് ബഹളം വയ്ക്കുന്നതായി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ആരിഫിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ക്കകം സഹോദരി ഭര്‍ത്താവായ അബ്ദുല്‍ റഷീദും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി പ്രതിയെ ജാമ്യത്തിലെടുത്തു കൊണ്ടുപോയി. ബൈക്കില്‍ പോകുന്നതിനിടെ മൊയ്തീന്‍ ആരിഫ് ബഹളം വയ്ക്കുകയും ബൈക്കില്‍ നിന്ന് ചാടുകയും ചെയ്തു. ഇതോടെ ഇയാളെ അബ്ദുല്‍ റഷീദ് അടക്കം അന്‍പതു പേരടങ്ങുന്ന സംഘം തൂമിനാട് മൈതാനത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വച്ച് ഉപദേശിക്കുന്നതിനിടയില്‍ മൊയ്തീന്‍ ആരിഫ് പ്രകോപിതനാവുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം വടി ഉപയോഗിച്ച് മൊയ്തീന്‍ ആരിഫിനെ മര്‍ദ്ദിച്ചു. രാത്രി വൈകി ഇയാളെ വീട്ടില്‍ എത്തിച്ചാണ് സംഘം മടങ്ങിയത്. പിറ്റേന്നു രാവിലെ എഴുന്നേറ്റ മൊയ്തീന്‍ ആരിഫ് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലേയ്ക്കും അവിടെ നിന്നു മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചു. അവിടെ വച്ച് മരണം സംഭവിച്ചു. മൃതദേഹം വൈകുന്നേരത്തോടെ വീട്ടില്‍ എത്തിച്ചു. മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ട നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റു മോര്‍ട്ടത്തിലാണ് ക്രൂരമായ അക്രമത്തിനു ഇരയായതാണ് മരണ കാരണമെന്നു കണ്ടെത്തിയത്. തുടര്‍ന്ന് അബ്ദുല്‍ റഷീദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറും സംഘവും നടത്തിയ സൂക്ഷ്മവും ഊര്‍ജസ്വലവുമായ അന്വേഷണമാണ് പൊലീസിനെതിരെ പ്രതിഷേധം ആളിക്കത്തുമായിരുന്ന സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page