കാസര്‍കോട്: മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദിനടുത്ത് ദേശീയ പാതയില്‍ രാത്രികാലങ്ങളില്‍ ആര്‍ത്തനാദവും ചാത്തനേറും പതിവായിരിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡിലെ ഹമ്പില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ പതിവായി ഇവിടെ അപകടത്തില്‍ പെടുന്നെന്നാണ് പരാതി. ഹമ്പ് തിരിച്ചറിയുന്നതിന് പ്രത്യേക അടയാളമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഹമ്പ് തിരിച്ചറിയാതെ അതില്‍തട്ടി തെറിച്ചുവീഴുന്നത് പതിവായിരിക്കുകയാണ്. മണ്ണില്‍ ചോര പുരണ്ട് കിടന്നു നിലവിളിക്കുന്നവരെ പരിസരവാസികളാണ് ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചേ പള്ളിയിലെത്തുന്നവര്‍ അപകടത്തില്‍പെട്ട് അവശരായി റോഡില്‍ കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നത് പതിവാണ്. ഇക്കാര്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഹമ്പ് രാത്രികാലങ്ങളില്‍ തിരിച്ചറിയാനുള്ള അടയാളം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പഞ്ചായത്തംഗം അബ്ദുല്‍ റിയാസ് പരാതിപ്പെട്ടു.
