തൃശൂര്‍: സാധാരണ കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഡ്രൈവറായി ജീവിച്ച് ഒടുവില്‍ മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച സകലകലാവല്ലഭന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേയ്ക്ക് എട്ടാണ്ട്. 2016 മാര്‍ച്ച് ആറിനായിരുന്നു കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മണി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മരിച്ചത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. ഓട്ടോ ഡ്രൈവറായിരിക്കെ നാടന്‍ പാട്ടുകള്‍ പാടിയെത്തിയാണ് മണി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പാരഡി പാട്ടുകള്‍ പാടാനും എഴുതാനും മണിക്കുണ്ടായ കഴിവ് വളരെ വേഗത്തില്‍ ആസ്വാദകര്‍ തിരിച്ചറിഞ്ഞു. നാട്ടിന്‍ പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ മണിയുടെ ശബ്ദത്തിലൂടെ ഒഴുകിയെത്തിയപ്പോള്‍ ആരാധകര്‍ ഏറി വന്നു. പിന്നീട് കൊച്ചിന്‍ കലാഭവന്‍ എന്ന മിമിക്സ് ഗ്രൂപ്പിലെത്തിയ മണി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. വേദികളില്‍ നിന്നു വേദികളിലേയ്ക്ക് ഓടി നടന്ന് വിശ്രമമില്ലാത്ത കലാകാരനായി മാറിയ മണി അങ്ങിനെ കലാഭവന്‍ മണിയായി; മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടനായി.
കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ട മണി പിന്നീട് നായകനായി വളര്‍ന്നു. മലയാളത്തിനു അപ്പുറം തമിഴ്, തെലുങ്ക് സിനിമകളിലും മണി ശ്രദ്ധേയനായി മാറിയെന്നതും ചരിത്രം. ‘അക്ഷരം’ എന്ന ചിത്രത്തിലൂടെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്ര ലോകത്തെത്തിയ കലാഭവന്‍ മണിയെ ശ്രദ്ധേയനാക്കിയത് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ കരുമാടിക്കുട്ടന്‍ എന്ന കഥാപാത്രമായിരുന്നു. 2009ലെ നെഹ്റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും കലാഭവന്‍ മണി ശ്രദ്ധേയനായി. 2000ലെ പ്രത്യേക ജൂറി പുരസ്‌ക്കാരം, 1999ലെ ഫിലിം ഫയര്‍ അവാര്‍ഡ്, മികച്ച നടന്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ മണിയെത്തേടിയെത്തി.
രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു.
മലയാള സിനിമയില്‍ ജ്വലിച്ചു നിന്ന കാലത്താണ് മണിയെ 45-ാം വയസ്സില്‍ മരണം കീഴടക്കിയത്. മണിയെ കൊന്നതാണെന്നു കാണിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ കുടുംബം തൃപ്തി കാട്ടിയില്ല. 2017 ഏപ്രില്‍ 28ന് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സി ബി ഐ അന്വേഷണത്തിലും കരള്‍ രോഗമാണ് മരണകാരണമെന്നു വിധിയെഴുതി. പക്ഷെ കുടുംബം ഇതിനോടും യോജിച്ചില്ല. സത്യമെന്താണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടയിലാണ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച കലാഭവന്‍ മണിയുടെ എട്ടാം ചരമവാര്‍ഷികം ഇന്നു കടന്നു പോകുന്നത്
