ജീവന്‍ തുടിക്കും ശില്‍പങ്ങള്‍; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തെയ്യശില്‍പങ്ങള്‍ ശ്രദ്ധേയമാകുന്നു

വെള്ളിക്കോത്ത്: കണ്ടാല്‍ ആരെയും ആകര്‍ഷിക്കുന്ന ജീവന്‍ തുടിക്കുന്ന തെയ്യങ്ങളുടെ ശില്‍പങ്ങളുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി നിവേദ് പുറവങ്കരയാണ് വ്യത്യസ്തങ്ങളായ തെയ്യശില്‍പ്പ നിര്‍മാണങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്.
തന്റെ തറവാട് ആയ പുറവങ്കരയിലെ മൂവാളംകുഴി ചാമുണ്ഡിയെ 8 അടി ഉയരത്തിലാണ് നിവേദ് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍ ഉപയോഗശൂന്യമായി കിടക്കുന്ന തുണികളും, കളര്‍ പേപ്പറുകളും, ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് കണ്ടാല്‍ ആരെയും ആകര്‍ഷിക്കുന്ന മൂവാളംകുഴി ചാമുണ്ഡിയുടെ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. പഠനത്തിനിടയില്‍ കിട്ടുന്ന ഒഴിവുസമയം ഉപയോഗിച്ച് ഒന്നരമാസ സമയമെടുത്താണ് ഈ ശില്‍പം പൂര്‍ത്തീകരിച്ചത്. കൂടാതെ മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, കുണ്ടാര്‍ ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളുടെ ശില്‍പങ്ങളും നിവേദ് നിര്‍മ്മിച്ചിട്ടുണ്ട്. ശില്പ നിര്‍മ്മാണത്തോടൊപ്പം വരയും തനിക്ക് വഴങ്ങുമെന്നതിന്റെ തെളിവായി പൊട്ടന്‍ തെയ്യം, പുലമാരുതന്‍, ഗുളികന്‍ എന്നീ തെയ്യങ്ങളുടെ മുഖപടവും ഈ 13 കാരന്‍ വരച്ചിട്ടുണ്ട്. തറവാടുകളിലും അമ്പലങ്ങളിലും നിരവധി തെയ്യങ്ങളെ കണ്ടപ്പോള്‍ അതിന്റെ ശില്‍പങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹം മനസ്സില്‍ ഉണ്ടാവുകയും പിന്നീട് അത് പ്രാവര്‍ത്തികമാക്കുകയുമായിരുന്നു നിവേദ് ചിത്രങ്ങള്‍ നോക്കിയാണ് മുഖത്തെഴുത്ത് നടത്തിയത്. തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ പഴയ മാലകളും മറ്റും ഉപയോഗിച്ചാണ് അലങ്കരിച്ചത്. തെയ്യത്തിന്റെ നിര്‍മാണഘട്ടത്തില്‍ മാതാവ് പ്രതിഭയും പിതാവ് വി.എം മനോജും അത്ര കാര്യമാക്കിയില്ലെങ്കിലും ശില്‍പ്പം പൂര്‍ത്തിയായതിന് ശേഷമാണ് മകന് ശില്പ നിര്‍മാണത്തിന് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് എല്ലാ പിന്തുണയും നല്‍കി. അവധിക്കാലത്ത് സമയത്ത് കൂടുതല്‍ തെയ്യങ്ങളുടെ ശില്പങ്ങള്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് നിവേദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page