കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തി. തന്റെ ഭാര്യയുടെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. താന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും ശില്പി തിരിച്ചു തന്നുവെന്നും ചേര്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും ഇടവക വികാരിയോട് പറഞ്ഞതില്‍ കൂടുതല്‍ ചെയ്തുവെന്നും സുരേഷ് ഗോപി പറയുന്നു. നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. നേര്‍ച്ച പരസ്യമാക്കേണ്ട ഗതികേടില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. താന്‍ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. കഴിഞ്ഞ ജനുവരി 15 നാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.
