ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടന കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. അതിനിടെ അക്രമി കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാമേശ്വരം കഫേ സിഇഒ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടിരുന്നു.