കാസർകോട്: സി.പി.എം. ബന്തിയോട് ലോക്കൽ സെക്രട്ടറി ഫാറൂഖ് ഷിറിയയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ഏരിയ സെക്രട്ടറി കെ കുഞ്ഞിരാമന്റെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഏരിയ കമ്മിറ്റി അംഗങ്ങളും ബന്തിയോട് ലോക്കൽ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായിരുന്ന അഷ്റഫ് മുട്ടം അവധിയെടുത്ത ഒഴിവിലാണ് ഫാറൂഖിനെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചത്. ഫാറൂഖ് സെക്രട്ടറിയായതിനു ശേഷം പാർട്ടിക്കു പേരുദോഷം ആവർത്തിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല, അതിൽ പലതും നാട്ടിൽ പാട്ടാവുകയും ചെയ്തു. സി.പി.എം പ്രവർത്തകരെന്ന നിലയിൽ സമൂഹത്തിൽ തലയുയർത്തി നടക്കാൻ കഴിയാതെ വന്നതോടെയാണ് പാർട്ടിക്കു പ്രവർത്തകരെ വേണോ നേതാവിനെ മതിയോ എന്ന് പ്രവർത്തകർ നേതൃത്വത്തോട് ആരാഞ്ഞതെന്നു പറയുന്നു. പ്രവർത്തകർക്കൊപ്പം നിൽക്കാൻ തയ്യാറായ നേതൃത്വ നിലപാടിനെ അവർ സ്വാഗതം ചെയ്തു.
