കാസര്‍കോട്: മനോരോഗിയുടെ പരാക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് അക്രമിയെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം തളങ്കരയിലും പൊവ്വല്‍, മാസ്തിക്കുണ്ടിലുമാണ് അക്രമം അരങ്ങേറിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ മാലിക് ദീനാര്‍ നഗറില്‍ ഒരാളെ ആക്രമിച്ചിരുന്നു. ഇതിനുശേഷം സ്‌കൂട്ടറില്‍ മാസ്തിക്കുണ്ടില്‍ എത്തിയ യുവാവ് വഴിയാത്രക്കാരനെ തള്ളിയിട്ടു. തുടര്‍ന്ന് സ്‌കൂട്ടര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മാസ്തിക്കുണ്ടിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ ഇബ്രാഹിമിന്റെ ദേഹത്തു സ്‌കൂട്ടര്‍ കയറിയിറങ്ങി തുടയെല്ലു പൊട്ടി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാസര്‍കോട്ട് എത്തിയ യുവാവ് വീണ്ടും അക്രമത്തിനു ശ്രമിച്ചതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യുവാവ് അവിടെയും അക്രമത്തിനു ശ്രമിച്ചുവത്രെ. തുടര്‍ന്ന് മരുന്നു നല്‍കി ശാന്തനാക്കി. പിന്നീട് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ കുതിരവട്ടത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കാസര്‍കോട്, ആദൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അക്രമം നടത്തിയതിന് യുവാവിനെതിരെ നിലവില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.