വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികള്‍ വിവിധയിടങ്ങളില്‍ വച്ചാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. ഇതില്‍ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം മുഖ്യപ്രതി സിന്‍ജോ ജോണ്‍സനെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച കാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജനുവരി പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലാണ് ക്രൂര പീഡനം നടന്നതായി തെളിഞ്ഞത്.
