പുതുമുഖങ്ങളെ ഇറക്കി വിജയം നേടാൻ എൻഡിഎ; കാസർകോട് സ്ഥാനാർത്ഥി മഹിളാ മോർച്ച നേതാവ് എംഎൽ അശ്വിനി

കാസർകോട്: ഒടുവിൽ എൻഡിഎ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ എം എൽ അശ്വിനിയെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസിന്റെ പേരാണ് ആദ്യം ഉയർന്നു വന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെയും രവീശ തന്ത്രിയുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. അതിനിടയാണ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് പുതുമുഖ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം നിശ്ചയിച്ചത്. ബംഗളൂരു സ്വദേശിനിയാണ് അശ്വിനി. വിവാഹത്തോടെയാണ് കാസർകോടിന്റെ മണ്ണിൽ അശ്വിനി എത്തിയത്. വോർക്കാടിയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി അവസരം നൽകിയത്. വൻഭൂരിപക്ഷത്തോടെ വിജയിച്ചതോടെ അധ്യാപനം മതിയാക്കി മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ നേതൃത്വത്തിൽ വരെ എത്തിപ്പെടാൻ അശ്വിനിക്ക് കഴിഞ്ഞു. ജമ്മു കശ്മീർ, ഭോപ്പാൽ, ഉത്തർപ്രദേശ്, ത്സാർഖണ്ഡ്, ഗുജറാത്ത്‌, തെലുങ്കാന, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തനം നടത്താൻ കഴിഞ്ഞ അനുഭവം 33 കാരിയായ അശ്വിനിക്കുണ്ട്. കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിൽ ഇൻചാർജ് ആയി പ്രവർത്തിക്കാനുളള അവസരം ലഭിച്ചു. ഇപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ
പജ്‌വ എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.
ഭർത്താവ് ശശിധരൻ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
ചുവപ്പ് കേട്ടയായ കാസർകോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു കോൺഗ്രസിന് വേണ്ടി രാജ്മോഹൻ ഉണ്ണിത്താൻ ഇവിടെ നേടിയത്. 40438 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു രാജ്മോഹന് ലഭിച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോൾ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. കഴിഞ്ഞതവണ ബി ജെ പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി. ഇക്കുറി അത് കൂടുതൽ വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.

.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page