ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ചു; ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

കാസര്‍കോട്: ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. പ്രവാസിയായ ഉദുമ കാപ്പില്‍ തെക്കേക്കര സ്വദേശി കെയു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. പെയിന്റിങ് ജോലിക്കാര്‍ പോയിക്കഴിഞ്ഞ ശേഷമാണ് തീപിടിത്തം വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. കുട്ടികള്‍ രണ്ടാം നിലയിലെത്തിയപ്പോഴാണ് തീയും പുകയും കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് അഗ്‌നിശമന സേന സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ഇടുങ്ങിയ റോഡായത് കാരണം ഫയര്‍ഫോഴ്‌സിന് തീ അണക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് പഞ്ചായത്തംഗം ബിന്ദു സുധന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് പൈപ്പ് വെള്ളം ഉപയോഗിച്ച് തീ അണച്ചത്. പ്രദേശവാസികളായ പികെ ഇര്‍ശാദ്, ജംശീര്‍ കാപ്പില്‍, ദിനേശന്‍, തെക്കേക്കര സ്വലാഹുദ്ദീന്‍ ടിഎം തുടങ്ങിയവരും വാര്‍ഡ് അംഗങ്ങളായ ജലീല്‍ കാപ്പില്‍, ജാസ്മീന്‍ റശീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഹാളില്‍ നിന്നാണ് തീപടര്‍ന്നത്. രണ്ട് കിടപ്പു മുറിയിലും നാശനഷ്ടമുണ്ടായി. താഴത്തെ നിലയിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഫര്‍ണിച്ചറുകളും ഫാന്‍ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page