കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണത്തിനു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാവിലെ കൊല്ലങ്കാനയിലെ ബാലകൃഷ്ണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് എടനീര്‍ മഠം, ചെര്‍ക്കളയിലെ ബിഎഡ് സെന്റര്‍, മാര്‍ത്തോമാ വിദ്യാലയം, ചാല ബിഎഡ് സെന്റര്‍, ഗവ. കോളേജ്, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി, തളങ്കര മാലിക് ദീനാര്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുമായും മത സാമുദായിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. വൈകിട്ട് കാസര്‍കോട് നഗരത്തില്‍ റോഡ് ഷോ നടത്തും. തളങ്കരയില്‍ നിന്നു റോഡ് ഷോ ആരംഭിക്കും. കാസര്‍കോട് ടൗണ്‍, കറന്തക്കാട്, ഉളിയത്തടുക്ക, വിദ്യാനഗര്‍ വഴി ചെര്‍ക്കളയില്‍ സമാപിക്കും. അതേസമയം യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നടന്നിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും മത്സര രംഗത്ത് ഇറങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നു യോഗം ചേരുന്നുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പി കെ കൃഷ്ണദാസ് രംഗത്തിറങ്ങുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന.