പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ട് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. ലാളിത്യം കൊണ്ടും സാഹിത്യഭംഗി കൊണ്ടും മാധുര്യം കൊണ്ടും ഗസലിനെ ജനമനസുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ പങ്കജ് ഉദാസ് വഹിച്ച പങ്ക് വളരെ വലുതാണ്. പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെയായിരുന്നു പങ്കജ് വേദികളില്‍ അവതരിപ്പിച്ചിരുന്നത്. ഗസല്‍ ശൈലിയെ സാധാരണക്കാരനിലേക്കും ലോക കലാവേദിയുടെ മുന്നിരയിലേക്കും കൊണ്ടുവന്ന പ്രതിഭയാണ് പങ്കജ് ഉദാസ്. 1951 മെയ് 17 ന് ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരില്‍ ഒരു ജമീന്ദാര്‍ കുടുംബത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. കേശുഭായ് ഉദാസിന്റെയും ജിതുബേന്‍ ഉദാസിന്റെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനാണ് പങ്കജ്. സഹോദരന്മാരായ നിര്‍മ്മല്‍ ഉദാസ്, മന്‍ഹര്‍ ഉദാസ് എന്നിവരും ഗായകരാണ്. മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളേജിലാണ് ബിരുദ പഠനം.
ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ഉദാസ് ഗസല്‍ ഗായകനായത്. ‘നാം'(1986) എന്ന ചിത്രത്തിലെ ‘ചിട്ടി ആയി ഹേ വതന്‍’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു. ഇതിന് ശേഷം നിരവധി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. ഗസല്‍ ആലാപാനത്തിന്റെ രജതജൂബിലി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് 2006 ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
