ന്യൂയോർക്കിൽ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മരിച്ചു;തീ പടർന്നത് ഇലക്ട്രിക് ബൈക്കിൻ്റെ ബാറ്ററിയിൽ നിന്ന്

ന്യൂഡൽഹി:ന്യൂയോർക്കില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പൗരനായ  മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

കൊളംബിയ ജേർണലിസം സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ ഫസീല്‍ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

2018ല്‍ ബിസിനസ് സ്റ്റാൻഡേർഡില്‍ ആണ് ഫസീല്‍ ഖാൻ കരിയർ ആരംഭിച്ചത്. 2020ല്‍ കൊളംബിയ സർവകലാശാലയില്‍ ബിരുദപഠനത്തിനായി പോകുന്നതിന് മുൻപ് ഡല്‍ഹിയില്‍ സിഎൻഎൻ-ന്യൂസ് 18ല്‍ കറസ്‌പോണ്ടന്റായി ജോലി നോക്കിയിരുന്നു.

ഇലക്‌ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോർക്ക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ 17 പേർക്ക് ഗുരുതര പൊള്ളലേറ്റു.അപ്പാർട്ട്‌മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടർന്നത്. തുടർന്ന് ആളുകള്‍ ജനലുകളില്‍ നിന്നട‌ക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടർന്നതോടെ കെട്ടിടത്തില്‍ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page