കാസർകോട്: സർക്കാർ ജോലി ഇന്ന് മഹാകടമ്പയാണെന്ന് ഉദ്യോഗാർത്ഥികൾ പറയാറുണ്ടെങ്കിലും ഡോ. അശ്വതി ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ്. ഒരാഴ്ചക്കുള്ളിൽ ഈ യുവതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന അറിയിപ്പുകൾ. യു പി എസ് സി നടത്തിയ കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ 180 റാങ്ക് നേടി കേഡർ അലോക്കേഷനിൽ റയിൽവേയിൽ ഗ്രൂപ്പ് എ കാറ്റഗറിയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിനിടെയാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര സർക്കാരിന്റെ തന്നെ ഇ എസ് ഐ ഇൻഷുറൻസ് മെഡിക്കൽ ഓഫീസറായി 36 റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത്. തൊട്ടടുത്ത ദിവസം കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി മെഡിക്കൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട വിവരവും വന്നു.ഗവൺമെന്റ് സീറ്റിൽ തൊടുപുഴ അൽ-അസർ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്റ്റിംക്ഷനോടെ എംബിബിസ് പാസായ അശ്വതി കോളേജിലെ ബെസ്ററ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ് കൂടിയായിരിരുന്നു. പെരിയ സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടറാണ് ഇപ്പോൾ. മാവുങ്കാൽ നെല്ലിത്തറ അടുക്കം സ്വദേശിയും പേ ടീയെമ്മിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പ്രിയേഷ് മോഹന്റെ ഭാര്യയാണ് ഡോ. അശ്വതി. കോഴിക്കോട് ബേപ്പൂർ സ്വദേശി ശങ്കരൻകുട്ടിയുടെയും അജിതയുടേയും മകളാണ്.
