സ്വഭാവദൂഷ്യം കാരണം താല്‍ക്കാലിക ഡ്രൈവര്‍ തസ്തികയില്‍ നിന്ന് ഒഴിവാക്കി; പിന്നില്‍ സത്യനാഥനാണെന്ന് വിശ്വസിച്ചു; കൊല നടത്താന്‍ ഗള്‍ഫില്‍ നിന്നും ആയുധം നാട്ടിലെത്തിച്ചു; അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സി.പി.എം. അംഗമായിരുന്ന അഭിലാഷിനെ കുറ്റകൃത്യങ്ങളുടെയും സ്വഭാവദൂഷ്യത്തിന്റെയും പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൊയിലാണ്ടി നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന അഭിലാഷിനെ അതില്‍നിന്നും മാറ്റിയിരുന്നു. ഇതിനുപിന്നില്‍ സത്യനാഥനായിരുന്നെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മുമ്പും സത്യനാഥനുനേരേ അഭിലാഷ് പ്രകോപനം സൃഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പുറമെ മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ല. മാത്രമല്ല ഇക്കാരണത്താല്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ച്ചയേറിയ കറുത്ത പിടിയുള്ള കത്തി ക്ഷേത്രത്തിനുസമീപത്തെ പറമ്പില്‍നിന്ന് പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തിയിരുന്നു.
ഇതിനിടെ, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അതേസമയം വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുള്‍പ്പെടെ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page